ദോഹ : അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടി നിർത്തൽ-ബന്ദി കൈമാറ്റ കരാറിനായുള്ള ചർച്ചകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഹമാസ് ആരോപിച്ചു.ഏകപക്ഷീയമായി കരാർ അടിച്ചേൽപ്പിക്കാൻ ഇസ്രായേലിന് അധികാരമില്ലെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
"ഒരു നിർബന്ധിത കരാറിലെത്താൻ അധികാരമില്ലാതിരുന്നിട്ടും, ദോഹയിൽ സയണിസ്റ്റ് പ്രതിനിധി സംഘത്തിന്റെ തുടർച്ചയായ സാന്നിധ്യം, ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ചർച്ചാ പ്രക്രിയയിലെ പങ്കാളിത്തം തെറ്റായി ചിത്രീകരിക്കാനുമുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നഗ്നമായ ശ്രമമാണെന്ന് ഞങ്ങൾ കരുതുന്നു,ഗൗരവമേറിയ ചർച്ചകളിൽ ഏർപ്പെടാതെയുള്ള പ്രതിനിധി സംഘത്തിന്റെ സാന്നിധ്യം തുടരുന്നത് ഇതിന്റെ ഭാഗമാണ്."-ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസയ്ക്കുള്ള സഹായം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ സമീപകാല പ്രസ്താവനകൾ കണ്ണിൽ പൊടിയിടാനും അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കാനുമുള്ള ശ്രമമാണെന്നും ഹമാസ് വിമർശിച്ചു.കെറം ഷാലോം ക്രോസിംഗിൽ എത്തിയ ചുരുക്കം ചില ട്രക്കുകൾ ഉൾപ്പെടെ ഒരു സഹായ ട്രക്കുകളും ഇതുവരെ ഗസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെ അട്ടിമറിച്ചതിന് ഇസ്രായേലിനെ ഹമാസ് കുറ്റപ്പെടുത്തി. യുദ്ധം തുടരാനും പലസ്തീനികളെ ബലമായി കുടിയിറക്കാനും ഇസ്രായേൽ നേതാക്കൾ പരസ്യമായി പ്രതിജ്ഞയെടുക്കുകയാണെന്നും ഹമാസ് ആരോപിച്ചു.
തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തലിന് തയാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ദോഹയിൽ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം.
അതേസമയം,ഇസ്രായേൽ,അമേരിക്കൻ പൗരത്വമുള്ള എദാൻ അലക്‌സാണ്ടറുടെ മോചനം കരാറിലെത്താനുള്ള നല്ല ചുവടുവെപ്പായിരുന്നുവെന്നും തൊട്ടുപിന്നാലെ ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണം സമാധാന ശ്രമങ്ങളെ അട്ടിമറിച്ചെന്നും ചർച്ചകൾക്ക് മാധ്യസ്ഥം വഹിക്കുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F