ദോഹ : തെഹ്റാനിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ -നയതന്ത്ര മേധാവി ഇസ്മയിൽ ഹനിയ്യയുടെ ഭൗതിക ശരീരം ആയിരങ്ങളുടെ നേതൃത്വത്തിൽ ദോഹയിൽ ഖബറടക്കി.ജുമാ നമസ്കാരത്തിന് മുമ്പായി ആയിരങ്ങളാണ് ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ അൽ വഹാബ് പള്ളിയിൽ തടിച്ചുകൂട്ടിയത്. ബുധനാഴ്ച ഇറാനിലെ തെഹ്റാനിൽ അംഗരക്ഷകനൊപ്പം കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെയാണ് ഖത്തറിലെത്തിച്ചത്. തെഹ്റാനിലെ തെരുവുകൾ കണ്ണീരും പ്രാർഥനയുമായി വിട നൽകിയ രക്തസാക്ഷിക്ക്, ഇനി ഖത്തറിന്റെ മണ്ണിൽ അന്ത്യവിശ്രമം.തെഹ്റാനിൽ പതിനായിരങ്ങൾ പങ്കെടുത്ത വിലാപയാത്രക്കും മയ്യിത്ത് നമസ്കാരത്തിനും ശേഷമായിരുന്നു മൃതദേഹം വഹിച്ചുള്ള വിമാനം ദോഹയിലേക്ക് പറന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേതൃത്വം നൽകിയ മയ്യിത്ത് നമസ്കാരത്തിൽ ഇറാൻ പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്രനേതാക്കൾ പങ്കെടുത്തിരുന്നു.
കനത്ത സുരക്ഷയ്‌ക്കിടയിൽ, വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുമ്പായിരുന്നു ദോഹയിൽ മയ്യിത്ത് നമസ്കാരം.മണിക്കൂറുകൾക്ക് മുമ്പ് തന്നെ പള്ളി മുറ്റത്ത് ഒത്തുകൂടിയ ഖത്തറിലെ ഫലസ്തീൻ ജനത ഉൾപെടെയുള്ള ആയിരങ്ങൾ, കഴിഞ്ഞ കുറേ വർഷങ്ങളായി ദോഹയിൽ താമസിച്ചിരുന്ന ഹനിയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.20 വർഷത്തിലേറെയായി ഹമാസിന്റെ രാഷ്ട്രീയ മുഖമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങുകൾ ഫലസ്തീൻ ജനതയുടെ നിലയ്ക്കാത്ത പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയായിരുന്നു.ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തിനും ഇസ്രായേൽ അധിനിവേശത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഫലസ്തീൻ പോരാട്ടത്തിൽ ഇസ്മായിൽ ഹനിയ്യയുടെ പങ്ക് നിര്ണായകമായിരുന്നുവെന്ന് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു. കറുപ്പും വെളുപ്പും പച്ചയും ചുവപ്പും നിറഞ്ഞ പലസ്തീൻ പതാക പുതച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനാവലി പള്ളിയിലേക്കെത്തിയത്.
'കഴിഞ്ഞ 300 ദിവസത്തിനുള്ളിൽ 40,000 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്.അവരിൽ ഒരാളാണ് ഹനിയ്യ. ഈ വംശഹത്യയാൽ പൊലിഞ്ഞുപോയ ഓരോ ജീവനെയും ഞങ്ങൾ ഓർക്കും,” ദോഹയിൽ താമസിക്കുന്ന ഫലസ്തീനിയായ അഹമ്മദ് അൽ ജസീറ ചാനലിനോട് പറഞ്ഞു
"ഞങ്ങൾ ചെറുത്തുനിൽക്കും, സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമായി കാണാൻ ഞങ്ങൾ ജീവിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F