ദോഹ :യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച എല്ലാ രാജ്യങ്ങൾക്കുമുള്ള സാർവത്രിക തീരുവയിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ഒഴിവാക്കിയില്ല. തന്റെ രണ്ടാം ഭരണകാലത്ത് ആഗോള വ്യാപാര യുദ്ധത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയർത്തുന്ന തരത്തിലുള്ളതാണ് ട്രംപിന്റെ പ്രഖ്യാപനം.ഖത്തറിൽ നിന്നും മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന നികുതി ഉൾപെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ താരീഫിലാണ് ഈ രാജ്യങ്ങളെ ഉൾപ്പെടുത്തിയത്.
അതേസമയം,ഡൊണാള്‍ഡ് ട്രംപിന്റെ നികുതി പ്രഹരം പ്രമുഖ ഗള്‍ഫ് രാജ്യങ്ങളെ പ്രത്യക്ഷത്തില്‍ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.ചൈനക്കും ഇന്ത്യക്കുമെല്ലാം കനത്ത തത്തുല്യ ചുങ്കം ചുമത്തിയപ്പോള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും ട്രംപിന്റെ പുതിയ നികുതി ഘടനയില്‍ കുറഞ്ഞ നിരക്കിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം 10 ശതമാനം തത്തുല്യ ചുങ്കമാണ് ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ ചുമത്തി വരുന്ന നികുതി കുറവാണെന്നതാണ് പ്രധാന കാരണം.എണ്ണ വ്യാപാരത്തില്‍ അമേരിക്കയുമായി സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു വ്യാപാര മേഖലകളിലും അമേരിക്കക്ക് ഭീഷണിയല്ല എന്നത് ട്രംപിന്റെ പ്രഹരത്തിന്റെ ശക്തി കുറച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കാര്യമായ കയറ്റുമതി നടക്കാത്തതിനാല്‍ 10 ശതമാനം തത്തുല്യ ചുങ്കം പോലും ഗള്‍ഫ് രാജ്യങ്ങളുടെ വ്യാപാരത്തെ സാരമായി ബാധിക്കില്ല. മാത്രമല്ല, സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനത്തോളം കുറഞ്ഞ നികുതിയാണ് ചുമത്തി വരുന്നത്.
2024 ൽ ഖത്തറുമായുള്ള യുഎസിന്റെ മൊത്തം ചരക്ക് വ്യാപാരം 5.6 ബില്യൺ ഡോളറായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.ഒബ്സർവേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്സിറ്റി (ഒഇസി) പ്രകാരം, 2023 ൽ ഖത്തർ 2.1 ബില്യൺ ഡോളറിന്റെ സാധനങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. സംസ്കരിച്ച പെട്രോളിയം, നൈട്രജൻ വളങ്ങൾ, അസംസ്കൃത അലുമിനിയം എന്നിവയായിരുന്നു പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഖത്തറിന്റെ യുഎസിലേക്കുള്ള കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 5.97 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. 2018-ൽ 1.57 ബില്യൺ ഡോളറിൽ നിന്ന് 2023-ൽ 2.1 ബില്യൺ ഡോളറായാണ് ഇക്കാലയളവിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. പുതുതായി പ്രഖ്യാപിച്ച സാർവത്രിക താരിഫുകൾ ശനിയാഴ്ച പ്രാബല്യത്തിൽ വരും. വിദേശത്ത് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ പുതിയ ഇറക്കുമതിക്ക് പരസ്പര താരിഫുകൾ ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F