June 18, 2025
June 18, 2025
തെഹ്റാൻ : ഇറാന്‍-ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗോള വിപണിയിലും ആശങ്ക കനക്കുന്നു.യുദ്ധത്തില്‍ അമേരിക്ക കൂടി നേരിട്ട് പങ്കാളിയാവുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ,കടുത്ത നീക്കത്തിന് ഇറാന്‍ തയാറെടുക്കുന്നതായാണ് സൂചന. ഗള്‍ഫ് മേഖലയിലെ എണ്ണ വിതരണത്തിന്റെ സിംഹഭാഗവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ യാത്ര തടസപ്പെടുത്താന്‍ ഇറാന്‍ നീക്കം നടത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ലോകത്തെ എണ്ണകയറ്റുമതിയുടെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.
ഈ റൂട്ടില്‍ കപ്പലുകള്‍ക്ക് സഞ്ചാരം തടസപ്പെട്ടാല്‍ അത് എണ്ണവിതരണത്തെ ബാധിക്കും. ആഗോള തലത്തില്‍ എണ്ണവില കുത്തനെ കൂടാനും ഇതു കാരണമാകും. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കാനുള്ള നേരിയ പാതയാണിത്. ശരാശരി 55-90 കിലോമീറ്ററാണ് ഹോര്‍മുസ് കടലിടുക്കിന്റെ വീതി. ജലപാതയാകട്ടെ ഇതിലും ഇടുങ്ങിയതാണ്. ഈ പാതയില്‍ തടസങ്ങളുണ്ടാക്കുക ഇറാനെ സംബന്ധിച്ച് എളുപ്പമാണ്.
പാതയില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയോ ഇതുവഴി പോകുന്ന കപ്പലുകളെ ആക്രമിക്കുകയോ ചെയ്താല്‍ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകും. ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് ഇതുവഴി പോയിരുന്ന കപ്പലുകളെ ഇരുകൂട്ടരും ആക്രമിച്ചിരുന്നു. എന്നാല്‍ ജലപാത പൂര്‍ണമായും അടയ്ക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പാതയുടെ പേരില്‍ ഇറാന്‍ തുടര്‍ച്ചയായി ഭീഷണി മുഴക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്കും വെല്ലുവിളി
ഇറാനോടും ഇസ്രയേലിനോടും ഒരുപോലെ സൗഹൃദം പുലര്‍ത്തുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധമേഖലയില്‍ നിന്ന് പുറത്തു കടക്കാന്‍ ഇറാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ നീക്കമുണ്ടായാല്‍ ഇന്ത്യയ്ക്കും തലവേദനയാകും.
ഹോര്‍മുസ് വഴി പ്രതിദിനം കടന്നുപോകുന്ന 17 മില്യണ്‍ ക്രൂഡ്ഓയില്‍ ബാരലുകളില്‍ കൂടുതലും നല്ലൊരു പങ്ക് ഇന്ത്യയിലേക്കും വരുന്നുണ്ട്. മാത്രമല്ല ഗള്‍ഫ് മേഖലയിലേക്കുള്ള ചെറുതും വലുതുമായ കയറ്റുമതിയും ഈ മേഖലയിലൂടെയാണ്. ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഇന്ത്യയെയും ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F