ദോഹ: ഗസ്സയിലെ വെടിനിർത്തൽ സാധ്യമാക്കാനുള്ള ഖത്തറിന്റെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളെ ജി.സി.സി മന്ത്രിതല കൗൺസിൽ യോഗം അഭിനന്ദിച്ചു. മക്കയിൽ ചേർന്ന യോഗത്തിലാണ് ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവും മാനുഷിക സഹായനീക്കവും ഉറപ്പുവരുത്താനുള്ള ഖത്തർ, ഈജിപ്ത്, അമേരിക്ക രാജ്യങ്ങളുടെ പരിശ്രമങ്ങളെ പ്രശംസിച്ചത്.
വെടിനിർത്തൽ കരാർ ഇരുകക്ഷികളും പൂർണമായും പാലിക്കണമെന്നും അക്രമം അവസാനിപ്പിച്ച് ഇസ്രായേൽ സേന ഗസ്സയിൽനിന്നും പൂർണമായും പിൻവാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.ഗസ്സയുടെ ഭാവി സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് ആദ്യവാരത്തിൽ കൈറോയിൽ ഈജിപ്തിന്റെ നേതൃത്വത്തിൽ ചേർന്ന അസാധാരണ അറബ് ഉച്ചകോടിയുടെ തീരുമാനങ്ങൾക്ക് പിന്തുണ നൽകി.
സ്വതന്ത്ര ഫലസ്തീൻ രൂപവത്കരണത്തിലൂടെ മാത്രമെ മേഖലക്ക് ശാശ്വത സമാധാനം ഉറപ്പാക്കാൻ കഴിയുകയുള്ളൂ. ഗസ്സയുടെ ഭാവിയും ഐക്യഫലസ്തീന്റെ പശ്ചാത്തലത്തിലായിരിക്കുമെന്നും യോഗം വ്യക്തമാക്കി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, വിവിധ ജി.സി.സി രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ, ജോർഡൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഡോ. അയ്മൻ അൽ സഫാദി എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F