തെൽ അവിവ്: ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ ബന്ദികളെ മോചിപ്പിക്കലാണ് പ്രഥമ പരിഗണനയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദം തുടരുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ നശിപ്പിക്കുക, ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാവില്ല എന്ന തിരിച്ചറിവിലാണ് നെതന്യാഹുവിന്റെ പുതിയ നിലപാട്. 'ആദ്യം ബന്ദികളെ മോചിപ്പിക്കണം. ഹമാസിനെ പരാജയപ്പെടുത്തി ഗസ്സ പ്രശ്‌നവും പരിഹരിക്കേണ്ടതുണ്ട്. രണ്ട് ജോലികളും നമുക്ക് നേടാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.' തെക്കൻ ഇസ്രായേലിലെ ഷിൻ ബെറ്റ് കേന്ദ്രം സന്ദർശിക്കവെ നെതന്യാഹു പറഞ്ഞു.
ഗസ്സ യുദ്ധവും ബന്ദി മോചനവും ചർച്ച ചെയ്യുന്നതിനായി ബീർഷെബയിലെ ഐഡിഎഫിന്റെ സതേൺ കമാൻഡ് ആസ്ഥാനത്ത് നെതന്യാഹു ഉന്നതതല മന്ത്രിസഭാ യോഗം ചേർന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും മറ്റ് മന്ത്രിമാരും മുതിർന്ന ഐഡിഎഫ് ഉദ്യോഗസ്ഥരും ഉന്നതതല മന്ത്രിതല യോഗത്തിൽ പങ്കെടുത്തു. എന്നാൽ തീരുമാനമെടുക്കാതെ യോഗം അവസാനിച്ചതായും തിങ്കളാഴ്ച കൂടുതൽ ചർച്ചകൾ തീരുമാനിച്ചതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ ചർച്ചക്ക് വേണ്ടി ഇസ്രായേൽ കെയ്‌റോയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് അറബ് മധ്യസ്ഥർ പ്രതീക്ഷിക്കുന്നതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ ഉൾപ്പെടുന്നു. അറബ് മധ്യസ്ഥരുടെ പിന്തുണയോടെ മാനുഷിക സഹായം വിതരണം ചെയ്യുന്നതിനുള്ള പഴയ സംവിധാനങ്ങളിലേക്ക് മടങ്ങുക, ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നിയന്ത്രിക്കുന്ന നിലവിലുള്ള സംവിധാനത്തിന് പകരമായി ഒരു പുതിയ സംവിധാനം സ്ഥാപിക്കുക എന്നിവയും ഹമാസ് ആവശ്യപ്പെടുന്നു. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരെയാണ് ഇസ്രായേൽ ഗസ്സയിൽ കൊലപ്പെടുത്തിയത്.
ന്യൂസ് റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitLന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F