കാസർകോഡ് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ച് വൻ അപകടം. 150ലേറെ പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഗുരുതര പൊള്ളലേറ്റവർ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. ഷിബിൻ രാജ് (19), ബിജു (38), രതീഷ് (30), സന്ദീപ് എന്നിവരാണ് ഗുരുതര പരിക്കേറ്റവരിൽ മൂന്നു പേർ.
പരിക്കേറ്റവർ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, പരിയാരം മെഡിക്കൽ കോളജ് ആശുപത്രി, സഞ്ജീവനി ആശുപത്രി, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി, കാഞ്ഞങ്ങാട് അരിമാലാ ആശുപത്രി, മിംസ് കണ്ണൂർ, മിംസ് കോഴിക്കോട്, കെ.എ.എച്ച് ചെറുവത്തൂർ, കാഞ്ഞങ്ങാട് മൺസൂർ ആശുപത്രി, എ.ജെ മെഡിക്കൽ കോളജ്, ദീപ ആശുപത്രി എന്നിവടങ്ങളിൽ ചികിത്സയിലുണ്ട്.
തിങ്കളാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ തീപ്പൊരി വീണാണ് സ്ഫോടനമെന്ന് പ്രാഥമിക വിവരം. തെയ്യം കാണാൻ മുമ്പിൽ നിന്നിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്.
സ്ഫോടനശബ്ദം കിലോമീറ്ററുകൾക്കപ്പുറം കേൾക്കാമായിരുന്നു. അപകടത്തെ തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടം ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണും പലർക്കും പരിക്കേറ്റു. വടക്കൻ മലബാറിലെ ആദ്യ തെയ്യം ക്ഷേത്രമാണ് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F