ദുബായ് : ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ഇന്റർനാഷണൽ ചേംബർ രാജ്യത്ത് രണ്ടാമത്തെ പ്രതിനിധി ഓഫീസ് തുറന്നു.ബെംഗളൂരുവിൽ നടന്ന പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. ദുബായിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ഉയർത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു.
2018-ൽ മുംബൈയിലാണ് ചേംബറിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് ആരംഭിച്ചത്. ബെംഗളൂരു ഓഫീസ് തുറന്നതോടെ അന്താരാഷ്ട്ര പ്രതിനിധി ഓഫീസുകളുടെ എണ്ണം ഇപ്പോൾ 34 ആയി ഉയർന്നു. 2030-ഓടെ ലോകമെമ്പാടും 50 ഓഫീസുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഷെയ്ഖ് ഹംദാൻ ആരംഭിച്ച ദുബായ് ഗ്ലോബൽ സംരംഭത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും 30 ആഗോള വിപണികളിലായി പുതിയ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്താനും ദുബായ് ആസ്ഥാനമായുള്ള കമ്പനികളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായും ഷെയ്ഖ് ഹംദാൻ മുംബൈയിൽ കൂടിക്കാഴ്ച നടത്തി.കൂടാതെ, ഷെയ്ഖ് ഹംദാന്റെ സാന്നിധ്യത്തിൽ ദുബായ് ചേംബേഴ്സ് മുംബൈയിൽ ഒരു ഉന്നതതല ബിസിനസ് മീറ്റിംഗും നടത്തി. ഇരുരാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും മന്ത്രി ഗോയലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ ശക്തി എടുത്തുപറഞ്ഞു. സഹകരണം വികസിപ്പിക്കുന്നതിലും യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ അഭിലാഷ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും പുതിയ ഓഫീസ് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്തർശനത്തിനായി ഏപ്രിൽ എട്ടിനാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് ഷെയ്ഖ് ഹംദാന് നൽകിയത്. ദുബായ് കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാൻ്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്.
2024 ൽ, വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയ യുഎഇ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 8 ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F