തെൽ അവീവ് : ഗസ്സയിൽ കൊല്ലപ്പെട്ട രണ്ട് ഇസ്രായേലി കുഞ്ഞുങ്ങളുടെയും അമ്മയുടെയും മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബന്ധുക്കൾ ബെഞ്ചമിൻ നെതന്യാഹുവിനോടും അദ്ദേഹത്തിൻ്റെ സർക്കാരിനോടും ആവശ്യപ്പെട്ടു.
2023 ഒക്‌ടോബർ 7 ന് ഹമാസിൻ്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിനിടെയാണ് ഷിരി ബിബാസിനെയും മക്കളായ നാല് വയസുള്ള ഏരിയൽ, ഒമ്പത് മാസം പ്രായമുള്ള കഫീർ എന്നിവരെയും മുജാഹിദ്ദീൻ ബ്രിഗേഡ് എന്ന സായുധ സംഘം തട്ടിക്കൊണ്ടുപോയത്.ഇതിന് പിന്നാലെ,നവംബറിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു.ഹമാസും ഇസ്രായേലും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ ഷിറിയുടെ ഭർത്താവ് യാർഡൻ ബിബാസിനെ കഴിഞ്ഞ മാസം വിട്ടയച്ചിരുന്നു.എന്നാൽ,ഷിരി, ഏരിയൽ, കഫീർ എന്നിവരുടെ മരണത്തെക്കുറിച്ച് ആവർത്തിച്ച് പരാമർശിക്കുകയും രഹസ്യ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തതിന് ഷിരിയുടെ ഭർത്താവ് യാർഡൻ്റെ സഹോദരി ഒഫ്രി ബിബാസ് ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ നെതന്യാഹുവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.ഷിരിയുടെയും കുഞ്ഞുങ്ങളുടെയും മരണം,നെതന്യാഹു ഭരണകൂടം പരസ്യമായി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായാണ് അവർ ആരോപിച്ചത്.കുടുംബത്തിൻ്റെ മരണകാരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് “16 മാസത്തെ നരകയാതന അനുഭവിച്ച ഒരു കുടുംബത്തെ ദുരുപയോഗം ചെയ്യലാണ് ” എന്ന് ഒഫ്രി ബിബാസ് തൻ്റെ പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഇസ്രായേൽ പ്രധാനമന്ത്രിയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും കൊല്ലപ്പെട്ട ഷിരി ബിബാസിനെയും മക്കളെയും കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കത്ത് അയച്ചതായി Ynet റിപ്പോർട്ട് ചെയ്തു.അതേസമയം, ബിബാസ് കുടുംബത്തിന്റെ അഭിഭാഷകൻ ഡാന പുഗാച്ച്,ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയം, ഉന്നത സൈനിക ഉദ്യോഗസ്ഥർ, നെതന്യാഹു എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തിരുന്നു.
"ഈ കൊലപാതകങ്ങൾ പൊതു ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യാൻ അനുവദിക്കുന്നതിന് കുടുംബത്തിൽ സമ്മർദ്ദം ചെലുത്തരുത്," അവർ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F