മുംബൈ : അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ വിമാനങ്ങൾ തിരിച്ചിറക്കുന്നതും സർവീസുകൾ മുടങ്ങുന്നതും എയർ ഇന്ത്യയ്ക്ക് പ്രതിസന്ധിയാവുന്നു.നിലവിലുള്ള ഒട്ടുമിക്ക വിമാനങ്ങളും സാങ്കേതിക തകരാറിനെ തുടർന്ന് കട്ടപ്പുറത്തായതിന് പുറമെ,പുതിയ വിമാനങ്ങളുടെ ലഭ്യതക്കുറവും ഡിജിസിഎ യുടെ അധിക പരിശോധനകളുമെല്ലാം എയർ ഇന്ത്യക്ക് വിനയാവുകയാണ്.വിമാനദുരന്തത്തിൽ ഇരയായവർക്കുള്ള ഭീമമായ നഷ്ടപരിഹാരത്തിന് പുറമെ,മുന്നറിയിപ്പില്ലാതെ യാത്ര മുടങ്ങുന്ന യാത്രക്കാർ കൂടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയാൽ അത് കമ്പനിക്ക് താങ്ങാവുന്നതിലും അധികമുള്ള സാമ്പത്തിക ബാധ്യതയാകും.എന്നാൽ നിലവിലുള്ള വിമാനങ്ങൾ ഉപയോഗിച്ച് എങ്ങനെയെങ്കിലും സർവീസുകൾ നടത്തി പിടിച്ചുനിൽക്കാമെന്ന് കരുതിയാൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ,ഇറാൻ സംഘർഷം അവിടെയും വില്ലനാവുകയാണ്.
അധിക പരിശോധനകൾ, സാങ്കേതികത്തകരാർ, രാജ്യാന്തര വ്യോമപാതകളിലെ തടസ്സം, വിമാനങ്ങളുടെ ലഭ്യത തുടങ്ങി വിവിധ കാരണങ്ങളാൽ എയർ ഇന്ത്യയുടെ 16 വൈഡ് ബോഡി വിമാനസർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ഇതിൽ 13 എണ്ണവും ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളാണ്.
അഹമ്മദാബാദിലെ അപകടത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പുനരാരംഭിച്ച അഹമ്മദാബാദ്– ലണ്ടൻ ഗാറ്റ്‍വിക് സർവീസ് ഇന്നലെ റദ്ദാക്കി. ഡൽഹിയിൽനിന്ന് വിമാനം എത്താനുണ്ടായ തടസ്സമാണു കാരണം. ലണ്ടൻ–അമൃത്‍സർ, ഡൽഹി–ദുബായ്, ബെംഗളൂരു–ലണ്ടൻ, ഡൽഹി–വിയന്ന, ഡൽഹി–പാരീസ്, മുംബൈ–സാൻഫ്രാൻസിസ്കോ അടക്കമുള്ള സർവീസുകളും റദ്ദാക്കി.
സാൻഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള എഐ180 ബോയിങ് വിമാനത്തിന്റെ യാത്ര കൊൽക്കത്തയിലാണു തടസ്സപ്പെട്ടത്. 224 യാത്രക്കാരുമായി തിങ്കളാഴ്ച അർധരാത്രിക്കു ശേഷം കൊൽക്കത്തയിലിറങ്ങിയ വിമാനം പുലർച്ചെ 2 മണിക്ക് മുംബൈയിലേക്കു തിരിക്കേണ്ടതായിരുന്നു. ഇടത് എൻജിനിൽ സാങ്കേതികത്തകരാർ കണ്ടെത്തിയതിനെത്തുടർന്നു യാത്ര നീണ്ടു. യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്കു മാറ്റി.ഈ വകയിലെല്ലാം കോടികളാണ് കമ്പനിക്ക് നഷ്ടം. ബോയിങ്ങിന്റെ ബി 777-200 എൽആർ വിമാനമാണ് യാത്ര റദ്ദാക്കിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F