ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്
ടെൽ അവീവ് :ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തെഹ്റാനില്‍ വെച്ച് കൊലപ്പെടുത്തിയതിന് ഇറാൻ പ്രതികാരത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാൻ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇസ്രായേൽ മാധ്യമങ്ങൾ തിരിച്ചടി ഉടൻ ഉണ്ടായേക്കുമെന്ന സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്.ദിവസങ്ങള്‍ക്കകം വലിയ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന വെടിനിർത്തല്‍-ബന്ദി മോചന ചർച്ചകള്‍ക്ക് മുമ്ബ് ഇറാൻ ആക്രമണം നടത്തുമെന്നാണ് ഇസ്രായേലിന്റെ നിലവിലെ വിലയിരുത്തലെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ആക്‌സിയോസ്' വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് ഇറാനില്‍ ഭിന്നാഭിപ്രായമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. കടുത്ത പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പ്രസിഡൻറ് മസൂദ് പെസെഷ്‌കിയാൻ എന്നും, അതേസമയം ഏപ്രില്‍ 13-14 തീയതികളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തേക്കാള്‍ കടുത്ത രീതിയില്‍ ആക്രമിക്കണമെന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ തീരുമാനമെന്നും ഇതില്‍ പറയുന്നു.
ഇന്നലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിച്ചിരുന്നുവെന്നും ഇസ്രയേലിനെതിരെ വലിയ തോതിലുള്ള ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി ഇറാന്റെ സൈനിക നീക്കങ്ങള്‍ സൂചന നല്‍കിയതായും റിപ്പോർട്ടില്‍ പറയുന്നു. മേഖലയില്‍ പിരിമുറുക്കം വർധിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലേക്ക് യു.എസ്.എസ് ജോർജിയ അന്തർവാഹിനിക്കപ്പല്‍ വിന്യസിക്കാൻ ഓസ്റ്റിൻ ഉത്തരവിട്ടിട്ടുണ്ട്. "ഇസ്രായേലിനെ പ്രതിരോധിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അമേരിക്ക പ്രതിബദ്ധമാണെന്ന് ഓസ്റ്റിൻ ഗാലന്റിനോട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തുകയും ചെയ്തു' -പെൻറഗണ്‍ പ്രസ് സെക്രട്ടറി മേജർ ജനറല്‍ പാറ്റ് റൈഡർ പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനല്‍ 13 റിപ്പോർട്ട് ചെയ്തു. പാരീസ് ഒളിമ്ബിക്‌സ് സമാപിക്കുന്നത് വരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മർദമാണ് ഇറാൻ്റെയും ഹിസ്ബുല്ലയുടെയും പ്രതികരണം വൈകിപ്പിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, സിവിലിയൻമാർക്കുള്ള മുന്നറിയിപ്പില്‍ മാറ്റമൊന്നുമില്ലെന്ന് ഞായറാഴ്ച വൈകുന്നേരം ഐ.ഡി.എഫ് വക്താവ് റിയർ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇറാനും ഹിസ്ബുല്ലയും ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന് ടെല്‍ ഹാഷോമർ സൈനിക താവളത്തില്‍ യോവ് ഗാലന്റ് പറഞ്ഞു.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F