September 09, 2021
September 09, 2021
മസ്കത്ത് : ലോകത്തെ ആകെ പിടിച്ചുലച്ച കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ പ്രതിരോധക്കോട്ട കെട്ടുകയാണ് ഒമാൻ. ആരോഗ്യവിഭാഗം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഒരു ശതമാനമാണ് നിലവിലെ പോസിറ്റീവ് കേസുകൾ. ഒരു ഘട്ടത്തിൽ ഇരുപത്തിയഞ്ച് ശതമാനം വരെ ഉയർന്ന കണക്കാണ് ആരോഗ്യപ്രവർത്തകരുടെ കഠിനപ്രയത്നത്താൽ ഒരു ശതമാനത്തിലേക്ക് എത്തിയത്.
വിവിധ അംബാസിഡർമാരും നയതന്ത്രവിദഗ്ധരും പങ്കെടുത്ത കൂടിക്കാഴ്ചയിൽ ആരോഗ്യമന്ത്രി ഡോക്ടർ അഹ്മദ് ബിൻ മുഹമ്മദ് അൽ സയീദിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. അംബാസിഡർമാർക്ക് ഈ കണക്കുകൾ ബോധിപ്പിക്കുക വഴി, കോവിഡ് പ്രതിസന്ധി കൂടിയ രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്നും ഒമാനെ നീക്കാനും മന്ത്രി ആവശ്യപ്പെട്ടു. കോവിഡിന്റെ ആദ്യ വരവ് മുതൽ 25 മില്യൺ കോവിഡ് ടെസ്റ്റുകൾ രാജ്യം നടത്തിയതായും മന്ത്രി അറിയിച്ചു. വാക്സിനേഷന്റെ നിരക്കിലും ഒമാൻ മുൻപന്തിയിൽ തന്നെയുണ്ട്. 75 ശതമാനം ആളുകൾക്ക് ആദ്യഡോസും, 42 ശതമാനം ആളുകൾക്ക് രണ്ട് ഡോസും വാക്സിൻ നൽകിയതായും മന്ത്രി അറിയിച്ചു.