April 07, 2020
April 07, 2020
മസ്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ക്ക് ആശങ്ക വേണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ക്ക് വാഹനമോടിക്കാമെന്ന് ആര്.ഒ.പി വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധയെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആര്.ഒ.പി ലൈസന്‍സ് പുതുക്കല്‍ അടക്കം നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍, വാഹന ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ ആശങ്കയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്.ഒ.പിയുടെ പ്രതികരണം.
അതേസമയം, വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങള്‍ വാഹനയാത്രികര്‍ നിര്‍ബന്ധമായും പാലിക്കണം.നേരത്തേ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്കാന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതുവരെ കാലയളവിലേക്കാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച നിര്‍ദേശം. ഇക്കാലയളവില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശത്തിലുണ്ടായിരുന്നു.
ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.