June 08, 2024
June 08, 2024
മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പു റാലി നടത്തിയ 18 മണ്ഡലങ്ങളിൽ 15-ലും എൻ.ഡി.എ. സ്ഥാനാർഥികൾ തോറ്റു. ഉത്തർപ്രദേശ് കഴിഞ്ഞാൽ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 48 സീറ്റാണുള്ളത്. ഉത്തർപ്രദേശിനു ശേഷം മഹാരാഷ്ട്രയിലെ ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി കൂടുതൽ റോഡ് ഷോകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചത്. മുംബൈയിലടക്കം ഒട്ടേറെത്തവണ അദ്ദേഹം വന്നെങ്കിലും വോട്ടർമാരിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. മുംബൈയിലെ ആറു സീറ്റിൽ രണ്ടെണ്ണത്തിൽ മാത്രമാണ് എൻ.ഡി.എ. വിജയിച്ചത്. മുംബൈ നോർത്ത് വെസ്റ്റിൽ വിജയിച്ചത് വെറും 48 വോട്ടിനും.
മന്ത്രി പിയൂഷ് ഗോയൽ മുംബൈ നോർത്തിൽ വിജയിച്ചെങ്കിലും കഴിഞ്ഞതവണത്തെ വോട്ട് ലഭിച്ചില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി ഗോപാൽ ഷെട്ടി നാലുലക്ഷത്തിലധികം വോട്ടിനാണ് വിജയിച്ചത്.ഘാട്‌കോപ്പറിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയെങ്കിലും ഇവിടത്തെ ബി.ജെ.പി. സ്ഥാനാർഥി മിഹിർ കൊട്ടേച്ച ശിവേസന ഉദ്ധവ് പക്ഷ സ്ഥാനാർഥി സഞ്ജയ് ദിന പാട്ടീലിനോട് തോൽക്കുകയായിരുന്നു.
മുംബൈയ്ക്കു പുറമേ നാസിക്, നാന്ദഡ്, ചന്ദ്രാപുർ, രാംടെക്, വാർധ, പർഭനി, കോലാപ്പുർ, സോലാപ്പുർ, മാധ, ധാരാശിവ്, ലാത്തൂർ, അഹമ്മദ് നഗർ, ബീഡ്, നന്ദൂർബാർ, ദിൻഡോരി, കല്യാൺ, സത്താറ, പുണെ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി റോഡ് ഷോയും റാലിയും നടത്തിയത്. എന്നാൽ കല്യാൺ, സത്താറ, പുണെ എന്നിവിടങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചത്. ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം വിജയം മഹാരാഷ്ട്രാ വികാസ് അഘാഡിക്കായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F