May 21, 2024
May 21, 2024
ഗസ: ഇസ്രായേൽ സൈന്യം ഫലസ്തീൻ വിദ്യാർത്ഥികളെയും അധ്യാപകനെയും ഡോക്ടറെയും കൊലപ്പെടുത്തി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ജെനിന് നേരെ നടത്തിയ ആക്രമണത്തിലാണ് ഇസ്രായേൽ സൈന്യം ഫലസ്തീൻ വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപകനെയും ഡോക്ടറെയും കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏഴ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഗാസയിലുടനീളം 70 ലക്ഷ്യസ്ഥാനങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഫലസ്തീനിയൻ പോരാളികൾ, ആയുധ ഡിപ്പോകൾ, റോക്കറ്റ് ലോഞ്ചറുകൾ, നിരീക്ഷണ പോസ്റ്റുകൾ, ഫൈറ്റർ ഗ്രൂപ്പുകളുടെ കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് എക്‌സിലൂടെ സൈന്യം അറിയിച്ചു.
സെൻട്രൽ ഗാസ, വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പ്, തെക്കൻ ഗാസയിലെ റഫ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൈനികർ അവരുടെ പ്രവർത്തനങ്ങൾ തുടരുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി ഗാലന്റ് മൂന്ന് ഹമാസ് നേതാക്കൾ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് തേടുകയാണെന്ന് ഐസിസി ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.