June 08, 2024
June 08, 2024
ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിൽ ടി.ഡി.പിയുടെ കൂടി പിന്തുണയോടെ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരാനിരിക്കെ,നിരവധി വിഷയങ്ങളിൽ ഇരു പാർട്ടികൾക്കുമിടയിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നു.ആന്ധ്രാപ്രദേശിൽ മുസ്‌ലിം മത ന്യൂനപക്ഷകൾക്ക് നൽകിവരുന്ന സംവരണം തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിൻറെ പ്രസ്താവന ചില മുന്നറിയിപ്പുകൾ കേന്ദ്രത്തിലെ കൂട്ടുമുന്നണിക്ക് നൽകാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് വിലയിരുത്തൽ.ആരൊക്കെ എതിര്‍ത്താലും മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സംവരണം ആന്ധ്രാ പ്രദേശില്‍ തുടരുമെന്നാണ് ടി.ഡി.പി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് പറയുന്നത്.
മുസ്‌ലിം സംവരണത്തെ എതിര്‍ക്കുന്ന നിലപാടാണ് ബി.ജെ.പിയുടെത്. എന്നാല്‍ അതല്ല ഞങ്ങളുടെ രാഷ്ട്രീയം. സംസ്ഥാനത്ത് മുസ്ലിംകള്‍ക്കുള്ള സംവരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുടരുന്നുണ്ട്. അതില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോകാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലാണ് പാര്‍ട്ടിയുടെ ശ്രദ്ധ.
'സംവരണം പ്രീണനത്തിനല്ല, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷവരുമാനമുള്ള ന്യൂനപക്ഷത്തിന് സാമൂഹ്യ നീതി ലഭ്യമാക്കുക എന്നതാണ് സംവരണം കൊണ്ട് പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. 'ന്യൂനപക്ഷങ്ങള്‍ ദുരിതം അനുഭവിക്കുന്നു എന്നതും ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം അവര്‍ക്കാണെന്നതും ഒരു വസ്തുതയാണ്. ഒരു ജനാധിപത്യ ഭരണകൂടം എന്ന നിലയില്‍ അവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.അതിനാല്‍ ഞങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും പ്രീണനത്തിനല്ല.അവരെ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍. ആരെയും പിന്നില്‍ ഉപേക്ഷിച്ച് മുന്നോട്ട് പോകാനാകില്ല. എല്ലാവരേയും ചേര്‍ത്ത് പിടിച്ച് ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് ടി.ഡി.പിയുടെ നയമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
ആന്ധ്രയില്‍ ടി.ഡി.പിക്ക് ലഭിച്ച 16സീറ്റുകളുള്‍പ്പടെ എന്‍ഡിഎക്ക് 21 ലോക്സഭാ സീറ്റുകള്‍ നേടുന്നതില്‍ പാര്‍ട്ടിയുടെ പങ്ക് നിര്‍ണായകമാണ്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിന് ശേഷം, ലോകേഷ് ടി.ഡി.പിയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. നായിഡുവിനെ അറസ്റ്റ് ചെയ്ത് 52 ദിവസം ജയിലിലടച്ചത് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരകളാണ്.നിയമവാഴ്ച എല്ലാവര്‍ക്കും തുല്യമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരില്‍ സ്പീക്കര്‍ സ്ഥാനവും ചില പ്രധാന വകുപ്പുകളും ടിഡിപി ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ലോകഷേ് തള്ളി. പദവികളുടെ കാര്യത്തില്‍ ടിഡിപി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സംസ്ഥാനത്തിനുള്ള ഫണ്ടിന് വേണ്ടി മാത്രമാണ് ഞങ്ങള്‍ വിലപേശുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F