June 23, 2024
June 23, 2024
ഗസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കാന്‍ തുടങ്ങിവെച്ച ബോയ്‌കോട്ട് ക്യാംപയിന് മികച്ച പ്രതികരണം.ഇതിന്റെ തുടര്‍ച്ചയായി പുറത്തിറങ്ങിയ പലസ്തീന്‍ കോള തരംഗമാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്..
ഇസ്രായേലിനെ സാമ്പത്തികമായി പിന്തുണക്കുന്ന യു.എസ് കമ്പനികളായ കൊക്കകോളക്കും പെപ്സിക്കുമെല്ലാം ബദല്‍ പാനീയം വേണമെന്ന ആഹ്വാനത്തെ യാഥാര്‍ഥ്യമാക്കുകയായിരുന്നു പലസ്തീനി സഹോദരങ്ങള്‍ ആരംഭിച്ച പുതിയ ഉല്‍പന്നത്തിലൂടെ. ആരംഭിച്ച് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുമ്പോൾ അന്താരാഷ്ട്ര വിപണിയില്‍ വലിയ സ്വീകാര്യതയാണ് ഈ ഉല്‍പന്നത്തിന് ലഭിക്കുന്നത്.
‘പലസ്തീന്‍ ഡ്രിങ്ക്‌സ്’ പേരിലുള്ള ഈ കമ്ബനിയുടെ സ്ഥാപകര്‍ പലസ്തീനി സഹോദരങ്ങളായ ഹുസൈന്‍ മുഹമ്മദ്, അഹമ്മദ് ഹസൂണ്‍ എന്നിവരാണ്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീഡനിലെത്തിയ പലസ്തീന്‍ വംശജരായ ഇവര്‍ മാല്‍മോയിലെ വിജയകരമായ ബിസിനസുകാരാണ്. ‘ആദ്യ ആഴ്ചയില്‍ തന്നെ ഞങ്ങളുടെ മുഴുവന്‍ സ്റ്റോക്കും വിറ്റു തീര്‍ന്നു. അത് ഞങ്ങള്‍ക്ക് വലിയ അത്ഭുതവും വളരെ സന്തോഷവും നല്‍കിയ കാര്യമായിരുന്നു.’ ഇവര്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും മുഴുവന്‍ രാജ്യങ്ങളിലും പലസ്തീന്‍ കോള ലഭ്യമാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നവംബറിലാണ് ഇങ്ങനെ ഒരു ആശയത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലുമായാണ് പ്രൊഡക്റ്റ് ലോഞ്ച് ചെയ്തത്. കമ്ബനിയുടെ ലാഭവിഹിതം മുഴുവനും പലസ്തീനിലെ ജനങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ ഏകദേശം നാല് മില്യണ്‍ ക്യാനുകളാണ് യൂറോപ്പില്‍ വില്‍പ്പന നടന്നത്.
സോഷ്യല്‍ മീഡിയകളിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ ഏറ്റെടുത്തതോടെ കോള സ്റ്റോക്ക് ചെയ്യാന്‍ ലോകമെമ്ബാടുമുള്ള കമ്ബനികള്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു. ദശലക്ഷക്കണക്കിന് ഓര്‍ഡറുകള്‍ ലഭിച്ചെങ്കിലും ആവശ്യമായത്ര ഉല്‍പാദനം ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണിവര്‍. പലസ്തീനെ കുറിച്ച് ലോകത്തിന് അവബോധം വളര്‍ത്താനും ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്ന ചാരിറ്റികളെ പിന്തുണയ്ക്കാനും കൂടിയാണ് ഹുസൈന്‍ സഹോദരങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
”ഗസയിലെ കുട്ടികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങളുടെ സഹ പലസ്തീനികളെ സഹായിക്കാന്‍ ഞങ്ങള്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്,’ ഹസൂണ്‍ പറഞ്ഞു. ഞങ്ങളുടെ സംരംഭത്തില്‍ സമര്‍പ്പിതരായ രണ്ട് അഭിഭാഷകര്‍ നടത്തുന്ന ഒരു ചാരിറ്റി സംഘടന ഉള്‍പ്പെടുന്നു. പലസ്തീനിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗസയിലുള്ളവര്‍ക്ക് നേരിട്ട് ഫണ്ട് എത്തിക്കുക എന്നതാണ് അവരുടെ ദൗത്യം. സ്വീഡനില്‍ സഫാദ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ചാരിറ്റി സംഘടന സ്ഥാപിക്കാനും ഹസൂണ്‍ കുടുംബം പദ്ധതിയിടുന്നു. ഈ കമ്ബനി വഴി സമാഹരിക്കുന്ന ഫണ്ടുകള്‍ സംയോജിപ്പിച്ച് പലസ്തീനില്‍ വിതരണം ചെയ്യുകയാണ് ഉദ്ദേശം.
ശീതളപാനീയങ്ങളുടെ വിപണി വിഹിതം 6 ശതമാനം വര്‍ധിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2005-ല്‍ ആരംഭിച്ച പലസ്തീന്‍ അനുകൂല മനുഷ്യാവകാശ സംഘടനയായ ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്‍ഡ് സാങ്ഷന്‍സ് മൂവ്‌മെന്റ് (ബിഡിഎസ്), അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റ കേന്ദ്രമായ അറ്ററോറ്റില്‍ കൊക്കകോളക്കെതിരെ ക്യാംപയിന്‍ നടത്തി. 2018ല്‍ ഇസ്രായേല്‍ ആസ്ഥാനമായുള്ള ശീതളപാനീയ നിര്‍മാതാക്കളായ സോഡാസ്ട്രീം ഏറ്റെടുത്തതിന് ശേഷം പെപ്സിയെ ബഹിഷ്‌കരിക്കാന്‍ ബിഡിഎസ് ആഹ്വാനം ചെയ്തിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F