ദോഹ :വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം തെക്കൻ ഗസ്സയിൽ നിന്ന് മൂന്ന് ലക്ഷത്തോളം പേർ വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി. പറഞ്ഞു.ഫലസ്തീൻ പൗരന്മാരുടെ സ്വദേശത്തേക്കുള്ള സുഗമമായ മടക്കം ഉറപ്പാക്കാൻ ഖത്തർ-ഈജിപ്ഷ്യൻ കമ്മിറ്റി വഴി ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ജന്മനാട്ടിൽ തിരിച്ചെത്തുന്നവരെ സ്ഥിരപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സമൂഹത്തിൻ്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പലസ്തീൻ ജനതയ്ക്ക് അവരുടെ അവകാശങ്ങൾ ലഭിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങളുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തമാണ്, ദ്വിരാഷ്ട്ര പരിഹാരം എന്ന നേരത്തെയുള്ള നിലപാടിൽ ഖത്തർ ഉറച്ചുനിൽക്കുന്നു'.-അദ്ദേഹം പറഞ്ഞു.
അതേസമയം,. വടക്കൻ ഗസ്സയിൽ തകർന്ന തങ്ങളുടെ വീടുകൾക്ക് സമീപം ഇവർ താത്കാലിക കൂടാരങ്ങൾ ഒരുക്കിയതായും ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഇവർക്ക് എത്തിക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. നെത്‌സരിം ഇടനാഴിയിലൂടെയാണ് വടക്കൻ ഗസ്സയിലേക്ക് ആളുകൾ പ്രവേശിച്ചത്. മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തുകിടന്നും കാൽനടയായുമായാണ് തങ്ങളുടെ മണ്ണിലേക്ക് അവർ തിരിച്ചെത്തിയത്.
വടക്കൻ ഗസ്സയിലേക്കുള്ള മടക്കത്തിനിടെ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.. നുസ്വീറാത്ത് അഭയാർഥി ക്യാമ്പിന് പടിഞ്ഞാറ് അൽ ജിസ്‌റിൽ കുതിരവണ്ടിക്ക് നേരെയുണ്ടായ ഷെൽ ആക്രമണത്തിൽ അഞ്ച് വയസ്സുകാരി നാദി മുഹമ്മദ് അൽ അമൂദിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതിനിടെ, കഴിഞ്ഞ ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം നിലച്ച പാചകവാതക വിതരണം ഇന്ന് മുതൽ പരിമിതമായ അളവിൽ ഗസ്സയിൽ ലഭ്യമാകുമെന്ന് ഗസ്സ മീഡിയ ഓഫീസ് അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികൾക്ക് എട്ട് കിലോഗ്രാം വരുന്ന പാചകവാതക സിലിൻഡർ 15 ഡോളർ നിരക്കിലാണ് ലഭിക്കുക.
അതേസമയം, ഫലസ്തീനികൾക്കുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എയുടെ ജറൂസലമിലെ ആസ്ഥാനം അടച്ചുപൂട്ടാനുള്ള ഇസ്റാഈൽ തീരുമാനത്തിന് പിന്തുണ നൽകുന്നതായി യു എന്നിലെ അമേരിക്കൻ പ്രതിനിധി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F