Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ദുബായ് മലയാളിയുടെ ഇംഗ്ലീഷ് നോവൽ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ 

August 19, 2020

August 19, 2020

സുരേഷ് ശേഖരൻ  

ജീവിതത്തെ അന്ധകാരമയമാക്കാൻ പര്യാപ്തമായ കാര്യങ്ങൾ സംഭവിക്കുന്നത് പൊടുന്നനെയാണ്.നിനച്ചിരിക്കാതെയും. ജീവിതത്തെ പ്രഭാപൂർണമാക്കുന്ന, തികഞ്ഞ പ്രത്യാശ നൽകുന്ന കാര്യങ്ങളും അങ്ങനെ തന്നെയാണ് സംഭവിക്കുക. പൊടുന്നനെ,നിനച്ചിരിക്കാതെ. 

'ഒരു നാൾ ഞാനൊരു പുസ്തകം വായിച്ചു.ജീവിതമാകെ മാറിപ്പോയി ' എന്ന വാചകത്തോടെയാണ് ഓർഹൻ പാമുക്കിന്റെ ന്യൂലൈഫ് എന്ന നോവൽ തുടങ്ങുന്നത്. ഞാനും ഏതാണ്ട് അതുപോലൊരവസ്ഥയിലാണ്. ഇന്ന് രാവിലെ അഷറഫ് കരയത്തിന്റെ  JANAKA AND ASHTAVAKRA: A Journey Beyond എന്ന നോവൽ വായിച്ചു കഴിഞ്ഞതോടെ. 

രണ്ടു മാസം മുമ്പ് വേറേതോ പുസ്തകം തിരയുന്നതിനിടയിലാണ് അഷറഫിന്റെ പുസ്തകം ആമസോണിൽ കണ്ടത്.  അഷ്ടാവക്രനെക്കുറിച്ച് 'അഷറഫ് ' എഴുതിയ പുസ്തകം! തീർച്ചയായും കൗതുകം തോന്നി. പിന്നീട് വാങ്ങാൻ വേണ്ടി വിഷ് ലിസ്റ്റിൽ ചേർത്തുവെക്കുകയും ചെയ്തു. പിന്നീട് പതിവ് വ്യാകുലതകൾക്കും സംഘർഷങ്ങൾക്കുമിടയിൽ ഞാനത് മറന്നു, കഴിഞ്ഞയാഴ്ച അൻവർ പാലേരി പുസ്തകത്തെ ക്കുറിച്ച് പത്രങ്ങൾ പ്രസിദ്ധീകരിച്ച റിവ്യൂകൾ അയച്ചു തരുന്നത് വരെ. 

'എടാ,അഷറഫ് കരയത്തിന്റെ പുസ്തകം നീ വായിക്കണം. നിനക്ക് ഉപകാരപ്പെടും' അവൻ പറഞ്ഞു.എന്റെ വ്യാകുലതകളെക്കുറിച്ച് എന്നേക്കാൾ ഒരു പക്ഷെ അറിയുക അവനാണല്ലോ! അഷറഫ്  കരയത്തും അൻവറിനെ പോലെ പ്രവാസിയാണ്. നാദാപുരം സ്വദേശി .

വിഷ്ലിസ്റ്റിൽ മറന്നു വച്ച പുസ്തകം ഞാൻ ഓർഡർ ചെയ്തു. ഫോണിലെ കിൻറിൽ ആപ്പിൽ പുസ്തകം നിറഞ്ഞു. വായന തുടങ്ങി. തുടക്കത്തിൽ ഇച്ചിരി തട്ടിത്തടഞ്ഞു. കുറച്ചു പേജുകൾ കഴിഞ്ഞപ്പോഴേക്കും സുഗമമായ ഒഴുക്കായി. താളുകൾ വേഗം വേഗം മറിഞ്ഞു. 

എന്നും ഏറ്റവും വലിയ ആവേശമാണ് ഭാരതീയ തത്വചിന്ത.യൗവനം തീഷ്ണമായിരുന്ന നാളുകളിൽ കുറേ വായിച്ചും ഒരുപാട് പരീക്ഷിച്ചും നടന്നിട്ടുണ്ട് പൂനയിലെ ഓഷോ ആശ്രമത്തിലെ സുന്ദരമായ ആഢംബരത്തിലും സാന്ദ്രാനന്ദം നിറഞ്ഞു നിൽക്കുന്ന അരുണാചലത്തിലും വീണു കിടപ്പുണ്ട് ഗൃഹാതുരത കനത്ത ഓർമകൾ.

നഗരത്തിന്റെ തിരക്കുകളുടെ, ഉദ്യോഗത്തിന്റെ, ഉത്തരവാദിത്തങ്ങളുടെ ഭാരം പേറിപ്പേറി തളർന്നു പോയ നേരങ്ങളിൽ താങ്ങായ പാശ്ചാത്യ ചിന്തകളുമുണ്ട്. 

ഇവ രണ്ടും തമ്മിൽ എന്തൊക്കെയോ അദൃശ്യങ്ങളായ ബന്ധങ്ങളുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പാശ്ചാത്യനവ തലമുറ ചിന്തകൾ പലതും ഭാരതീയ തത്വചിന്താധാരകൾ പ്രത്യക്ഷത്തിൽ തന്നെ പുലർത്തുന്നവയുമാണ്. പക്ഷെ മേൽപ്പറഞ്ഞ ബന്ധമെന്തെന്ന് എത്ര തെരഞ്ഞിട്ടും എനിക്ക് കണ്ടെത്താനായില്ല. 

അഷറഫിന്റെ പുസ്തക  താളുകൾ തുറന്നു വച്ചത് ഞാനിത്ര നാളും കൊണ്ടു നടന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്.  

ഉത്തരവാദിത്തങ്ങളുടെ ഇടയിൽ, ആകുലതകൾക്കും കൊടും വിഷാദത്തിനുമിടയിൽ പെട്ട് നട്ടം തിരിയുന്നതിനിടയിൽ, ഇതൊക്കെ എന്തിന്? ഇതു മാത്രമാണോ ജീവിതത്തിന്റെ ലക്ഷ്യം?  ഇതിന്റെയൊക്കെ അർത്ഥമെന്താണ്  എന്നൊക്കെ നമ്മിൽ പലരും ചോദിച്ചു പോയിട്ടുണ്ട്.  അഷറഫിന്റെ പുസ്തകം ഉത്തരം തരുന്നത് ഇത്തരം ചോദ്യങ്ങൾക്കാണ്. 

രാജാവിന്റെ അതിബൃഹത്തായ ഉത്തരവാദിത്തങ്ങൾ, കുടുംബനാഥന്റെ കടമകൾ, എല്ലാറ്റിനുമുപരി സ്വയമാരെന്നറിയാനുള്ള അടങ്ങാത്ത അഭിനിവേശം. ഇതൊക്കെയാണ് വിദേഹ വംശജാതനായ ജനകമഹാരാജാവിനെ, സീതയുടെ പിതാവിനെ കുഴക്കുന്നത് .അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാമുത്തരവുമായി യുവ യോഗി അഷ്ടാവക്രൻ മിഥിലയിൽ എത്തിച്ചേരുന്നു.  രാജധാനിയിലേക്ക് വരാൻ അഷ്ടാവക്രന് അയാളുടെ വ്യക്തിപരമായ ഉദ്ദേശങ്ങളുമുണ്ടായിരുന്നു.

 അടച്ചിട്ട മുറിക്കകത്ത്  അഷ്ടാവക്രൻ രാജാവിനുപദേശിച്ചതെല്ലാം ഏറെക്കാലമായി ഞാൻ നെഞ്ചിൽ കൊണ്ടു നടന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരുന്നു.  ദിവസങ്ങളോളം രാജ്യകാര്യങ്ങളുപേക്ഷിച്ച് ജനകൻ അനുഭവിച്ചറിഞ്ഞത് ഞാനറിയാൻ കൊതിച്ചു കൊതിച്ചിരുന്നത് തന്നെയായിരുന്നു. 

ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിൽ ഈ നോവൽ എവിടെ നിൽക്കുന്നുവെന്ന ചോദ്യത്തിന്  സത്യസന്ധമായി മറുപടി പറയാൻ ഒരു വായന കൂടി വേണ്ടിവരും. ഒരു കാര്യം മാത്രം പറയാം. പറയാൻ ഉദ്ദേശിച്ച വിഷയം അതിന്റെ ഗൗരവം ഒട്ടും ചോരാതെ അഷഫിന് അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. അമീഷ് ത്രിപാഠിയുടെ മെലുഹയിലെ ചിരംജീവികൾ (The Immortals of Meluha) എന്ന പുസ്തകത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അതിന്റെ ചുവടുപിടിച്ച് ഭാരതിയ പുരാണങ്ങൾ അടിസ്ഥാനമാക്കി ധാരാളം പുസ്തങ്ങൾ ഇറങ്ങുന്നുണ്ട്. അവക്ക് അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. 

അഷറഫിന്റെ നോവൽ പക്ഷെ, ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഉള്ളടക്കത്തിന്റെ ഗുണം കൊണ്ടും അത് അവതരിപ്പിച്ച ഭാഷയും രീതിയും കൊണ്ടും.

ഭാരതത്തിന്റെ ആത്മീയ കൃതികളിൽ അതിമഹത്തായ സ്ഥാനമുള്ള ഒന്നാണ് അഷ്ടാവക്ര ഗീത. അത്മാന്വേഷണത്തിന്റെ വഴിയിൽ രത്നസമാനം വിളങ്ങുന്ന അമൂല്യ ഗ്രന്ഥം.   വാരിയെടുത്താലുമെടുത്താലും തീരാത്തത്രയാണ് ഈ പുസ്തകത്തിലെ ആശയ സമൃദ്ധി. അതിൽ നിന്ന് തരം പോലെയെടുത്ത് ആധുനിക ജീവിത സാഹചര്യങ്ങൾക്ക് അനുകൂലമായ രീതിയിൽ അവതരിപ്പിക്കാനുള്ള അഷറഫിന്റെ ശ്രമം തീർച്ചയായും വിജയിച്ചിരിക്കുന്നു.

ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, ഒരാളുടെ ജീവിതത്തിൽ വളരെ ശക്തമായ സ്വാധീനം ചെലുത്താൻ കെല്പുള്ള കൃതിയാണ്  JANAKA AND ASHTAVAKRA: A Journey Beyond.(പ്രസാധകർ : രൂപാ പബ്ലിക്കേഷൻസ്,ഇന്ത്യ) 

വായിക്കുന്ന എല്ലാവർക്കും എന്റെ അനുഭവം ഉണ്ടാവണമെന്ന് നിർബന്ധമില്ല. ഞാൻ ഇത്രയും കാലം അറിഞ്ഞും അറിയാതെയും  നടത്തിയ അന്വേഷണങ്ങൾ, എന്റെ മാനസിക നില, ഒക്കെ വായനയെ സ്വാധീനിച്ചിട്ടുണ്ടാവാം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്. എന്റെ ചോദ്യങ്ങൾക്കും വ്യാകുലതകൾക്കും നിയതിയുടെ ഉത്തരം ഒരു പക്ഷെ ഇങ്ങനെ സംഭവിച്ചതാകാം.

അഷ്ടാവക്രന് നന്ദി,അഷറഫിനും.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News